കേരളം
എസ്എസ്എൽസി, പ്ലസ്ടു സംശയനിവാരണത്തിന് കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ-ഇൻ ഇന്നുമുതൽ
പരീക്ഷകൾക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്സിൽ ഇന്നു മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതൽ 9 വരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം.
പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതൽ പുനഃസംപ്രേഷണം ചെയ്യും. പത്താംക്ലാസിൽ മാർച്ച് 3 മുതൽ 5 വരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോൺ-ഇൻ. മാർച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നൽകും.
പ്ലസ് ടു വിഭാഗത്തിന് മാർച്ച് 3 മുതൽ 12 വരെ തുടർച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർസയൻസ്/ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളും മാർച്ച് 13 ന് ഭാഷാവിഷയങ്ങളും മാർച്ച് 14 ന് പൊളിറ്റിക്കൽ സയൻസും ലൈവ് ഫോൺ-ഇൻ പരിപാടിയിൽ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.