കേരളം
മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ചെല്ലാനം ചാളക്കടവ് ബസ്റ്റോപ്പിന് സമീപം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് ചാളക്കടവ് ചെട്ടിവേലിക്കകത്ത് വീട്ടിൽ ജോസി(70)യെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കലൂർ ഫാസ്റ്റ് ഫുഡ് ആൻഡ് ടീ ഷോപ്പ് എന്ന കടയിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് തൃശ്ശൂർ പുന്നയൂർക്കുളം കിടങ്ങത്തയിൽ വീട്ടിൽ നജീമുദ്ദീൻ (45), കലൂർ ജഡ്ജസ് അവന്യൂ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മറൈൻ കഫെ എന്ന കടയിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് തൃശൂർ കാക്കുളശ്ശേരി പള്ളിപ്പാടൻ വീട്ടിൽ പി.പി സേവ്യർ (47) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.