ദേശീയം
കേരളത്തിലെ ഓക്‌സിജന്‍ നഴ്‌സുമാര്‍, തമിഴ്‌നാട് അടക്കമുള്ള 12 സംരംഭങ്ങളെ പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍
കേരളത്തിലെ ഓക്‌സിജന്‍ നേഴ്‌സുമാര്‍, തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒപിഡി അടക്കമുള്ള സംരംഭങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിസന്ധി ഫലപ്രമായി കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മികച്ച രീതികള്‍ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച 12 സംരംഭങ്ങളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനുള്ള ‘ഓക്‌സിജന്‍ നഴ്സുമാരുടെ’ സേവനം കത്തില്‍ പരാമര്‍ശിക്കുന്നു. കൂടാതെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഢ്, ഹരിയാന, ചണ്ഡിഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിലെ മികച്ച മാതൃകകളുടെ പേരില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ ലഭിച്ചത്.
കൊവിഡ് ഇതര അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായുള്ള മൊബൈല്‍ ഒപിഡി, ഓക്‌സിജന്‍ പാഴാക്കല്‍ പരിശോധിക്കുന്നതിനായി ഓരോ ആശുപത്രിയിലും ഏര്‍പ്പെടുത്തിയ ‘ഓക്‌സിജന്‍ മിത്ര’ എന്നിവയാണ് രാജസ്ഥാനില്‍ നിന്ന് പട്ടികയില്‍ സ്ഥാനം നേടിയത് . യുപിയിലെ റായ്ബറേലിലെ ഗ്രാമീണ മേഖലയില്‍ ഏര്‍പ്പെടുത്തിയ വീട് തോറും ചെന്നുള്ള കോവിഡ് പരിശോധനയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.