കേരളം
ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടവരുമായി ബന്ധം; തടിയന്റവിട നസീര്‍ കസ്റ്റഡിയില്‍
തടിയന്റവിട നസീര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇട്ടവരെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തടിയന്റവിട നസീറിന്റെ പങ്ക് പുറത്തുവന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
2008ലെ ബംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ തടിയന്റവിട നസീര്‍ പരപ്പന അഗ്രഹാര ജയിലില്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ നസീറിനെ പരിചയപ്പെടുന്നത്. സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ജയിലില്‍ വച്ച് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും പദ്ധതിയുടെ സൂത്രധാരന്‍ നസീറാണെന്നുമാണ് പൊലീസ് പറയുന്നത്.
ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വരികയായിരുന്നെന്നും ഇതിന്റെ ഭാഗമായി ആയുധങ്ങള്‍ ശേഖരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. നാടന്‍ തോക്കുകളും മൊബൈലുകളും നിരവധി സിം കാര്‍ഡുകളും ഇവരില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.