കേരളം
തൃശൂരിൽ മിന്നൽ ചുഴലി; ഇരിങ്ങാലക്കുട, ചാലക്കുടി മേഖലയിൽ വ്യാപക നാശം
ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശം. ചാലക്കുടി കൂടപ്പുഴ മേഖലയിലും ആളൂർ, ഇരിങ്ങാലക്കുട മേഖലയിലുമാണ് മിന്നൽ ചുഴലിയുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. തൃശൂരിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ ഭൂമിയിൽ നേരിയ പ്രകമ്പനമുണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ കാറ്റിലും കനത്ത മഴയിലും ഇന്നും വ്യാപക നാശനഷ്ടം. പത്തനംതിട്ട നിരണം പനച്ചിമൂട്ടിൽ 135 വർഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളിയും വയനാട്ടിലും അടൂരിലും വീടുകളും തകർന്നു വീണു. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ കൂറ്റൻ മതിൽ നിലംപൊത്തി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണു.
കനത്ത മഴയെ തുടർന്ന് നിരണം പനച്ചിമൂട്ടിലെ ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തകർന്നത്. പനച്ചിമൂട് എസ് മുക്ക് ജംങ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളിയാണ് തകർന്നു വീണത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഭയാനകമായ ശബ്ദത്തോടെ പള്ളി തകർന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. തകർന്നുവീണ പള്ളിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ആളപായമില്ല.