കേരളം
സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഴുപത്തഞ്ചോളം എക്സൈസ് ഓഫീസുകളിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന നടത്തുന്നില്ലെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നൽ പരിശോധന.
‘ഓപ്പറേഷൻ കോക്ക്ടെയിൽ’ എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. സംസ്ഥാനത്തെ 14 എക്സൈസ് ഡിവിഷനുകളിലും തെരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉൾപ്പെടെ 75 ഓളം എക്സൈസ് ഓഫീസുകളിലാണ് വിജിലൻസ് സംഘം ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.
ഓണത്തോടനുബന്ധിച്ച് കള്ളുഷാപ്പുടമകളും ബാറുടമകളും എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായാണ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരം. ഓണക്കാലത്തെ പരിശോധനകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന പുരോഗമിക്കുന്നത്.