കേരളം
ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി
ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് മൊഴിയെടുത്തത്.
പദ്ധതിയില്‍ വഴിവിട്ട ഇടപെടല്‍ നടന്നോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തും.വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് ലൈഫ് മിഷന്‍ സി ഇ ഒ യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെ യുവി ജോസിന്റെ ഓഫീസില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. വടക്കാഞ്ചേരി പദ്ധതിയിലെ വിവാദ കരാറിലടക്കം യുവി ജോസിനോട് വിജിലന്‍സ് സംഘം വ്യക്തത തേടി. ധാരണാപത്രം ഒപ്പിട്ടത് മുതലുള്ള നടപടിക്രമങ്ങള്‍, കണ്‍സല്‍ട്ടന്‍സി കരാറില്‍ നിന്നുള്ള ഹാബിറ്റാറ്റിന്റെ പിന്മാറ്റം, യൂണിടാക്കിന്റെ രംഗപ്രവേശം ഉള്‍പ്പെടെ പദ്ധതിയിലെ സംശയങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുണ്ടോയെന്നാണ് കേസില്‍ പ്രധാനമായും വിജിലന്‍സ് പരിശോധിക്കുന്നത്.
ലൈഫ് മിഷനിലെ അസിസ്റ്റന്റ് സിഇഒ ഉള്‍പ്പെടെ മറ്റ് ഉദ്യോഗ്സ്ഥരുടെ മൊഴിയും വരും ദിവസങ്ങളില്‍ ശേഖരിക്കും. കേസില്‍ എം ശിവശങ്കറിന്റെ മൊഴിയും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും. യൂണിടാക്കിനെയടക്കം സഹായിക്കുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപെടല്‍ നടത്തിയോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്.