കേരളം
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്ന് കേന്ദ്രം; കേരളം മറുപടി നല്‍കിയില്ല
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അബ്ദുസമദ് സമദാനി എംപിക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വികെ സിങ്, കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം റണ്‍വേയ്ക്ക് സുരക്ഷിത മേഖല സൃഷ്ടിക്കുന്നതിനായി ഭൂമി വേണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനായി തൊട്ടടുത്തുള്ള ഭൂപ്രദേശം നികത്തി നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
9 മാസത്തിനിടെ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. 2016ലെ ദേശീയ സിവില്‍ ഏവിയേഷന്‍ നയപ്രകാരം സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റേത് പ്രത്യേക കേസായി പരിഗണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഭൂമിയുടെ വിലയായി 120 കോടി രൂപ നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 160 കോടിയോളം ചെലവ് വരുമെന്നാണ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.
2022 ഒക്ടോബര്‍ 31ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും അവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള റിപ്പോര്‍ട്ടും മറുപടിയും നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ല. വിമാന സര്‍വീസുകള്‍ സുരക്ഷിതമായി നടത്തുന്നതിനായി റണ്‍വേയുടെ ഇരുവശത്തും സുരക്ഷിതമേഖല നിര്‍മിക്കുന്നതിന് റണ്‍വേയുടെ നീളം വെട്ടിക്കുറയ്ക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും വ്യോമയാന സഹമന്ത്രി വ്യക്തമാക്കി.