കേരളം
ഉയർത്തെഴുന്നേറ്റ് എൽഡിഎഫ്; എല്ലാ തലങ്ങളിലും മികച്ച പ്രകടനം
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എൽഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി മാറി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ വലിയ വിജയം നേടിയ എൽഡിഎഫ് കോർപറേഷനിൽ ആധിപത്യം നേടി. നഗരസഭകളിൽ യുഡിഎഫിനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ചു.
വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിഞ്ഞ എൽഡിഎഫിന് വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ മേധാവിത്വം ഉറപ്പിക്കുന്നതായി വിജയം. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജമാണ് വിജയത്തിലൂടെ ലഭിക്കുന്നത്. തുടർഭരണമെന്ന സ്വപ്നം സജീവമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനം തള്ളിയതായും തുടർഭരണമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു.
രാഷ്ട്രീയമായി വേട്ടയാടുന്ന കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാനുള്ള ജനകീയ വിധിയാണ് ലഭിച്ചിരിക്കുന്നതെന്നു മുന്നണി കരുതുന്നു. വിജയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ നീക്കത്തെ ശക്തമായി തടയാനാണ് പാർട്ടിയുടെ ശ്രമം. സ്വർണക്കടത്തുകേസിലൂടെ സർക്കാർ അഴിമതിയുടെ കുഴിയിൽ വീണെന്ന പ്രചാരണം ജനം തള്ളിയതായി പാർട്ടിക്ക് അവകാശപ്പെടാം. സ്വന്തം വകുപ്പിലെ ആരോപണങ്ങളുടെ പേരിൽ പഴികേൾക്കേണ്ടിവന്ന മുഖ്യമന്ത്രിക്ക് ആശ്വാസമാണ് വിജയം.
ആരോപണങ്ങൾ ജനം തള്ളുമെന്നും വികസനനേട്ടങ്ങൾക്ക് അംഗീകാരം നൽകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമായി. പാർട്ടി സെക്രട്ടറിയുടെ മാറ്റമോ, കോടിയേരിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളോ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമുണ്ടായി.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ കൂടെക്കൂട്ടിയതോടെ ഇടതുമുന്നണി ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് 17 സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് എട്ടു സീറ്റാണ് ലഭിച്ചത്. ജോസ്.കെ.മാണി വിഭാഗത്തെ കൂടെകൂട്ടിയത് ന്യായീകരിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ എൽഡിഎഫിന്റെ നേട്ടത്തിനു പിന്നിൽ ജോസ് പക്ഷം വലിയ സംഭാവന അവകാശപ്പെടും. പാലാ നഗരസഭ പിടിക്കാനായത് ശ്രദ്ധേയ നേട്ടമായി. വികസനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനൊരുങ്ങുകയാണ് മുന്നണി.
മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലാ പഞ്ചായത്തും ഇടതു പക്ഷത്തേക്ക് എത്തുകയാണ്. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ തൊടുപുഴയിൽ പിജെ ജോസഫ് വിഭാഗത്തിനു തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴ് സീറ്റിൽ അഞ്ചിലും പരാജയപ്പെട്ടു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ച ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8, യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് കക്ഷിനില.