കേരളം
കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്ക് എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയകളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
‘ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്’ – വിജയരാഘവൻ പറഞ്ഞു.