Uncategorized
വഞ്ചിയൂർ കോടതിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം
വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചുവാങ്ങി.
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തി കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് 25ഓളം വരുന്ന അഭിഭാഷക സംഘം ശിവജിയെ കൈയേറ്റം ചെയ്തത്. ശിവജിയുടെ അക്രഡിറ്റേഷൻ കാർഡും ക്യാമറയും മാെബെെൽ ഫോണും അഭിഭാഷകർ ബലമായി പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജികുമാര്‍ ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകര്‍ത്തി പിന്നാലെ വന്ന വഫ ഫിറോസിന്റെ പടം പകര്‍ത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിന് മുന്‍പും വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ അക്രമം നടത്തിയിട്ടുണ്ട്. അഭിഭാഷകരുടെ ആക്രമണങ്ങള്‍ കാരണം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാന്‍ സാധിക്കാത്ത സഹാചര്യമാണുള്ളത്.