കേരളം
ആദായനികുതി റിട്ടേൺ അവസാന തീയതി നാളെ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. ഓഡിറ്റ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണും ഓഡിറ്റുള്ളവർ റിപ്പോർട്ടും സസമർപ്പിക്കണം.
മൂലധനനഷ്ടം, വസ്തുവില്‍ നിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്തവര്‍ഷത്തേയ്ക്കുകൂടി പരിഗണിക്കണമെങ്കില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ നല്‍കണം. ഡിസംബര്‍ 31 ആയ അവസാന തീയതിക്കുള്ളില്‍ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ഭീമമായ തുക പിഴ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ആകും നേരിടേണ്ടി വരുക.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പള വരുമാനക്കാരായ നികുതി ദായകര്‍ സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 10,000 രൂപയാണ് പിഴനല്‍കേണ്ടിവരിക. (മാര്‍ച്ച് 2021 വരെ) അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവര്‍ക്ക് 1000 രൂപയാണ് പിഴ. അടയ്ക്കാനുള്ള നികുതിയിന്മേൽ മാസം 2% പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോർട്ടിനും പിഴയുണ്ട്.
ആദായനികുതി വകുപ്പിൻെറ വെബ്സൈറ്റിലൂടെ ഓൺലൈനായും റിട്ടേൺ സമര്‍പ്പിയ്ക്കാം.
സമയപരിധി ഏകദേശം അവസാനിക്കാറായതിനാൽ കഴിയുന്നതും വേഗത്തിൽ തന്നെ ഐ. ടി. ആർ ഫയൽ ചെയ്യാൻ ശ്രദ്ധിക്കണം. എന്നിരുന്നാലും ഐ. ടി. ആർ ഫയൽ ചെയ്യുമ്പോൾ ചില പിഴവുകൾ സാധാരണയായി ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാൻ അത് എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കാം.
ഫോം തിരഞ്ഞെടുക്കുന്നതിലെ പിഴവ്: ഒരു ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ഏറ്റവും സാധാരണ പിഴവുകളിലൊന്ന് ഇതാണ്. ഉചിതമായ ഐ. ടി. ആർ ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, 50 ലക്ഷം രൂപയിൽ താഴെയുള്ള വരുമാനവും മൂലധന നേട്ടവുമില്ലാത്ത എല്ലാ ശമ്പളക്കാർക്കും ഐ. ടി. ആർ -1 ബാധകമാണ്. അതേസമയം, ബിസിനസ്സിൽ നിന്ന് വരുമാനമുള്ള വ്യക്തികൾക്ക് ITR-3ണ് നൽകേണ്ടത്.
വ്യക്തി വിവരങ്ങളിലെ പിഴവ്: തെറ്റായ വ്യക്തി വിവരങ്ങൾ നൽകുക എന്നത് മറ്റൊരു പിഴവാണ്. പേര്, വിലാസം, മെയിൽ ഐഡി, ഫോൺ നമ്പർ, പാൻ, ജനനത്തീയതി എന്നിവ രേഖപ്പെടുത്തുമ്പോൾ അത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. റീഫണ്ട് ക്ലെയിം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അക്കൗണ്ട് നമ്പർ, ഐ. എഫ്. എസ്സി കോഡ് പോലുള്ള ബാങ്ക് വിശദാംശങ്ങൾ കൃത്യമായി നൽകാൻ മറക്കരുത്.
വർഷം രേഖപ്പെടുത്തുന്നതിലെ പിഴവ്: ആദ്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന ആളുകൾക്കാണ് ഇത്തരത്തിൽ ഒരു പിശക് സംഭവിക്കാറുള്ളത്. റിട്ടേൺ സമർപ്പിക്കുമ്പോൾ, മൂല്യനിർണ്ണയ വർഷം കൃത്യമായി പരാമർശിക്കേണ്ടത് പ്രധാനമാണ്. FY2019-20 ന്, അനുബന്ധ അക്കൗണ്ടിംഗ് വർഷം (A. Y) 2020-21 ആയിരിക്കും. തെറ്റായ A. Y പരാമർശിക്കുന്ന സാഹചര്യത്തിൽ, ഇരട്ടനികുതി ഈടാക്കാനുള്ള സാധ്യത കൂടുതലാണ്.
എല്ലാ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്തണം: ഐ. ടി. ആർ ഫയൽ ചെയ്യുമ്പോൾ എല്ലാ വരുമാന സ്രോതസുകളും നിങ്ങൾ പരാമർശിച്ചിരിക്കേണ്ടതാണ്. നിങ്ങളുടെ പ്രാഥമിക സോഴ്സിന് പുറമെ നിങ്ങൾക്ക് മറ്റേതെങ്കിലും വരുമാന സ്രോതസ്സുണ്ടെങ്കിൽ, അത് നിങ്ങളുടെ ഐ. ടി. ആറിൽ പരാമർശിക്കേണ്ടത് പ്രധാനമാണ്. ചട്ടം അനുസരിച്ച്, നികുതിദായകർ സേവിംഗ്സ് അക്കൗണ്ടിലെ പലിശ, സ്ഥിര നിക്ഷേപ പലിശ, കെട്ടിടത്തിൽ നിന്നുള്ള വാടക വരുമാനം, ഹ്രസ്വകാല മൂലധന നേട്ടങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ വ്യക്തമാക്കേണ്ടതുണ്ട്.
ഫോം 26AS മിസ്മാച്ച്: ഐ. ടി. ആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ഫോം 26 എ. എസ് പരിശോധിക്കേണതാണ്. ഫോം 26 എ എസിൽ എല്ലാത്തരം വരുമാന വിശദാംശങ്ങളും ടി. ഡി. എസും ഒരു വ്യക്തി അടച്ച അഡ്വാൻസ് ടാക്സും സ്വയം വിലയിരുത്തൽ നികുതിയും മറ്റും ഉൾപ്പെടുന്നു. തൊഴിലുടമ നൽകിയ ഫോം 16ഉം ഫോം 26 എ. എസും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.