കേരളം
കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ഹർജിയുമായി ലാബുടമകൾ ഹൈക്കോടതിയിൽ
കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചത് ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഹർജി മാർച്ച് മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ലാബ് ഉടമകൾ കോടതിയിൽ വാദിച്ചു.
പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. RTPCRന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്ക്. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകളുടെ ഹർജിയിൽ പറയുന്നു.
നിരക്ക് കുറക്കാൻ സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിനായി നേരത്തെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചിരുന്നു. നിരക്ക് വർദ്ധനവ് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹർജിയും കോടതി പരിഗണിക്കുക.