കേരളം
ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60% സർവ്വീസുകൾ നടത്തും
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നിർദ്ദേശാനുസരണം കെഎസ്ആർടിസി ഞായറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടെയും, ഓർഡിനറി സർവ്വീസുകളുടെയും 60% ഏപ്രിൽ 24, 25 (ശനി, ഞായർ ) ദിവസങ്ങളിൽ സർവ്വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞായറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നത്.
ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
അതേ സമയം കെഎസ്ആർടിസി അവശ്യ സർവ്വീസ് ആയതിനാൽ ഏപ്രിൽ 21 ന് ഇറങ്ങിയ സർക്കാർ ഉത്തരവ് (GO) 378/ 21 പ്രകാരം ഏപ്രിൽ
24 ന് കെഎസ്ആർടിസി ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെങ്കിലും ഇപ്പോൾ കൊവിഡ് വ്യാപനം തുടരുന്നതിനാൽ രോഗ വ്യാപനം തടയുന്നതിനും, സർവ്വീസ് ഓപ്പറേഷൻ ഈ ദിവസം കുറച്ചതിനാലും ശനിയാഴ്ച കെഎസ്ആർടിസിയിലെ മുഴുവൻ വിഭാഗത്തിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്നും സിഎംഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ , ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.