കേരളം
സ്വകാര്യ ബസുകളുടെ റൂട്ടിലും സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍, അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. സ്വാകാര്യ ബസുകള്‍ മാത്രം ഓടുന്ന റൂട്ടുകളില്‍ അടക്കം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനം. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്തുന്നത്. മുഴുവന്‍ ബസുകളും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവിലെ ഷെഡ്യൂളുകളില്‍ നിശ്ചയിച്ച ട്രിപ്പുകള്‍ക്ക് പുറമേ, അധിക ട്രിപ്പുകള്‍ താത്ക്കാലികമായി ക്രമീകരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യേണ്ടിവന്നതാല്‍, മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുതത്തും. യാത്രക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബോണ്ട് സര്‍വീസ് നടത്തണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചര്‍ച്ച നടത്തുക. കോട്ടയം ഗസ്റ്റ് ഹൗസില്‍ രാതി 10നാണ് ചര്‍ച്ച.
സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.