കേരളം
കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി
സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർദ്ധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ സർവ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി. ജനറം എ.സി ബസ്സുകളുടെ കിലോമീറ്റർ നിരക്ക് 1.87 രൂപയില്‍ നിന്നും 1.75 രൂപയായി ആയി കുറച്ചു.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് , സൂപ്പർ എക്സ്പ്രസ്, ഡിലക്സ് ബസ്സുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ ഇത്തരം പ്രധാന സ്ഥലങ്ങളിലേക്ക് നിലവിൽ നൽകുന്ന തുകയേക്കാൾ ചാർജ് ഗണ്യമായി കുറയുമെന്നാണ് പത്രകുറിപ്പില്‍ കെഎസ്ആര്‍ടിസി അറിയിക്കുന്നത്.
സൂപ്പർ എക്സപ്രസ് ബസ്സുകളിൽ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ൽ നിന്നും 15 കിലോമീറ്റർ ആയി വർദ്ധിപ്പിച്ചതിനാൽ ഫലത്തിൽ നിരക്ക് കുറയുകയും മറ്റ് സൂപ്പർ ക്ലാസ് ബസ്സുകളുടെ കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാൾ കുറക്കുകയും ചെയ്തിട്ടുണ്ട്.
മൾട്ടി ആക്സിൽ എ.സി ബസ്സുകൾക്ക് കി.മീ. നിരക്ക് 2.50 രൂപയില്‍ നിന്നും 2.25 പൈസയായി കുറക്കുകയും ചെയ്തു. ഇത്തരത്തിൽ സൂപ്പർ എയർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ്, എ.സി മൾട്ടി ആക്സിൽ , ജനറം എസി ലോ ഫ്ലോർ ബസുകളുടെ കിലോമീറ്റർ നിരക്ക് 2 പൈസ മുതൽ 25 പൈസ വരെയാണ് കുറച്ചിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ ന് 5 മുതൽ 10 കിലോമീറ്ററിനുള്ളിൽ ഫെയർ സ്റ്റേജും സൂപ്പർ ഫാസ്റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു. സൂപ്പർ എക്സ്പ്രസ് ഡീലക്സ് സർവ്വിസുകൾക്ക് 10 മുതൽ 20 കിലോമീറ്ററിൽ പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു.
ഡീലക്സിന് മുകളിൽ ഉള്ള മൾട്ടി ആക്സിൽ , സ്ലീപ്പർ ബസ്സുകൾക്ക് ഡീലക്സ് ബസ്സുകളുടെ ഫെയർ സ്റ്റേജ് നൽകും പുതിയ ഫെയർ സ്റ്റേജുകൾ വരുമ്പോൾ ഇവക്ക് മുന്നിലായി വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയുമെന്നാണ് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നത്.കെഎസ്ആർടിസി ക്ക് മാത്രമായുള്ള ക്ലാസുകളിൽ നിലവിൽ നൽകുന്ന ഫെയറിനേക്കാൾ നിരക്ക് വളരെ കുറയ്ക്കുക വഴി. ഡീസൽ വില വർദ്ധനവിനെ നേരിടുവാൻ കൂടുതൽ യാത്രക്കാരെ ആകർഷിച്ചും ബസ്സുകൾ വർദ്ധിപ്പിച്ചും വരുമാനം വർദ്ധിപ്പിക്കുവാനും ചെലവു കുറക്കുവാനും ആണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന് പത്രകുറിപ്പ് പറയുന്നു.