കേരളം
KSRTC യിൽ ആരോഗ്യപ്രവർത്തകർക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങൾക്കും യാത്രാനുമതി
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവർത്തർക്കായി കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് ഉത്തരവിട്ടു.
ആരോഗ്യപ്രവർത്തകർക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജീവനക്കാർ, ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും കൂടാതെ പോലീസ് ജില്ലാ ഭരണകൂടം തുടങ്ങിയവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയർമാർ തുടങ്ങിയവർക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസിൽ യാത്ര ചെയ്യാനാകുമെന്നും സിഎംഡി അറിയിച്ചു.
കൊവിഡ് വ്യാപനത്തിൽ മുന്നണി പോരാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകുന്നതിന് കഴിയാത്ത സാഹചര്യത്തിൽ അവർക്ക് കൂടി യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ സിഎംഡിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.