Connect with us

Kerala

ഗതാഗതമന്ത്രിക്ക് മുന്നറിയിപ്പുമായി സിഐടിയു

Published

on

കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ ഗതാഗതമന്ത്രിയെ പരിഹസിച്ച് സിഐടിയു. മന്ത്രി ആന്റണി രാജുവിനെയും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെയും വിക്രമാദിത്യനും വേതാളവുമായി ഉപമിച്ചായിരുന്നു പരിഹാസം. വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുകയാണെന്നാണ് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന്‍ പറഞ്ഞു.

കുറേ നാളുകളായി വിക്രമാദിത്യന്‍-വേതാളം കളി കെഎസ്ആര്‍ടിസിയില്‍ നടക്കുന്നു. അതങ്ങ് അവസാനിപ്പിച്ചേക്കണം. ഒരു വസ്തുതയുമായി പുലബന്ധമില്ലാതെ തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ കഥ കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാവുന്ന നില അവസാനിപ്പിക്കണം. ഞങ്ങള്‍ ഇടതുപക്ഷക്കാരോട് പ്രത്യേകിച്ചും. സിഐടിയു നേതാവ് മുന്നറിയിപ്പ് നല്‍കി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ അനുകൂലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തു വന്നിരുന്നു. മാസം ആദ്യം തന്നെ മുഴുവന്‍ ശമ്പളവും ആവശ്യമില്ലല്ലോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവില്‍ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്.

ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണ്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന രീതി ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു. ശമ്പളത്തിന് ടാര്‍ഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തിലും സിഎംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകള്‍.

Advertisement