കേരളം
തലസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കി കെഎസ്ആർടിസി
പിഎംജിയിൽ നിന്ന് തമ്പാനൂരിലേക്ക് മൂന്ന് വഴികളിൽ കൂടി സർവീസ് നടത്തും
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന് തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് ബസുകൾ കയറി ഇറങ്ങിയുള്ള ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ പുതിയ മാർഗവുമായി കെഎസ്‌ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് ബസുകൾ തിങ്കളാഴ്ച മുതൽ പിഎംജിയിൽനിന്ന് മൂന്ന് വഴികളിലായി തിരിച്ചുവിടും.
പിഎംജിയിൽനിന്ന് പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സർവീസിനോടൊപ്പം, പിഎംജി- -മ്യൂസിയം- -മാനവീയം വീഥി- –-ഡിജിപി ഓഫീസ്- –-വഴുതക്കാട്- വുമൻസ് കോളേജ് -പനവിള വഴിയും, പിഎംജിയിൽ നിന്ന്- സെക്രട്ടറിയറ്റിന് മുന്നിലൂടെയും തമ്പാനൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക.
യാത്രക്കാർക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിനായി അടുത്തിടെ നടത്തിയ സർവേയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി കൊല്ലത്തുനിന്ന് എൻഎച്ച് വഴിയും, കൊട്ടാരക്കരയിൽ നിന്ന് എംസി റോഡ് വഴിയും ഉള്ള മുഴുവൻ ബസുകളിലും ഇത്തരത്തിൽ സർവീസ് നടത്തുന്നതിനുള്ള നിർദേശം നൽകിക്കഴിഞ്ഞു.
ബസുകളിൽ സ്ഥലനാമങ്ങൾ ബോർഡിൽ എഴുതിയിരിക്കും (പിഎംജി-, പാളയം, – ബേക്കറി വഴി, പിഎംജി, – മ്യൂസിയം-, മാനവീയംവീഥി,- വഴുതക്കാട് വഴി, പിഎംജി-, പാളയം,- സെക്രട്ടറിയറ്റ് വഴി).
ആളുകൾ കൂടുതൽ ഉള്ള സമയങ്ങളിലാണ് മ്യൂസിയം, സെക്രട്ടറിയറ്റ് വഴി സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സർവീസുകളിൽ കൂടുതൽ ആവശ്യം ഉണ്ടായാൽ ഈ വഴികളിലൂടെതന്നെ തിരിച്ചുള്ള സർവീസും പരിഗണിച്ചേക്കും.