കേരളം
‘1912’ ഡയൽ ചെയ്യൂ, ഓഫീസിൽ കയറിയിറങ്ങാതെ കറണ്ട് റെഡി; കെഎസ്ഇബി ഇനി വീട്ടുപടിക്കൽ
വൈദ്യുതി കണക‍്ഷൻ അടക്കമുള്ള സേവനങ്ങൾ കെഎസ്ഇബി ഇനി വീട്ടുപടിക്കൽ എത്തിക്കുന്നു. ‘1912’ എന്ന നമ്പറിൽ രജിസ്റ്റർ ചെയ്താൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്‌ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ് / കോൺട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ–മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് ഇനി എളുപ്പത്തിൽ ലഭിക്കുക. ഇതിനായി പേരും ഫോൺ നമ്പറും പറഞ്ഞ് രജിസ്റ്റർ ചെയ്യണം.
അസിസ്റ്റന്റ് എൻജിനീയർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ് അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നത്. ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തി അടയ്ക്കേണ്ട തുക അടക്കമുള്ള വിവരങ്ങൾ അറിയിക്കും. ഓൺലൈനായി തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാകും.
അടുത്ത മാസം മുതൽ ഈ സംവിധാനം പരീക്ഷണാർഥം 100 സെക‍്ഷൻ ഓഫിസുകളിൽ നടപ്പാക്കും. രണ്ടാം വാരത്തോടെ പൈലറ്റ് ഘട്ടം നടത്തി ജൂണിനു മുൻപു സംസ്ഥാന വ്യാപകമാക്കാനാണു തീരുമാനം. ഇതിനായി മൊബൈൽ ആപ്പും വികസിപ്പിക്കും. ആദ്യഘട്ടത്തിൽ നിലവിലെ ലോ ടെൻഷൻ (എൽടി) ഉപയോക്താക്കൾക്കും പുതുതായി എൽടി കണക‍്ഷന് അപേക്ഷിക്കുന്നവർക്കുമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ്പിള്ള അറിയിച്ചു.