കേരളം
കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 6230 എല്‍ഡി പോസ്റ്റുകളും 895 എച്ച്ടി പോസ്റ്റുകളും തകര്‍ന്നതായും 185 ട്രാന്‍സ്‌ഫോമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കെഎസ്ഇബി അറിയിച്ചു.
ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു.
വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍, ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍ഗണന. തുടര്‍ന്ന് എല്‍ടി ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.