Connect with us

കേരളം

പാതിരാത്രിക്കും നിങ്ങൾക്ക് ഒറ്റക്ക് നടക്കാം; ഋഷിരാജ് സിംഗിനെ കുറിച്ച് കെ ആർ മീരയുടെ കുറിപ്പ് വൈറൽ

Untitled design 2021 08 02T201714.762

നിയമത്തിൽ നിന്ന് കടുകിടെ വ്യതിചലിക്കാത്ത കർക്കശ്യക്കാരനായ ഓഫീസർ. അതായിരുന്നു ഋഷി രാജ് സിങ് ഐ. പി.എസ്. അടുത്ത ദിവസത്തിനിടെയാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് എഴുത്തുകാരിയായ കെ. ആർ മീര. 1998 ൽ ജോലി കഴിഞ്ഞ് മടങ്ങവേ തനിക്ക് വഴിയിൽ വച്ച് ചില ചെറുപ്പക്കാരിൽ നിന്നുണ്ടായ മോശം അനുഭവവും അതിനെ തുടർന്ന് പരാതി പറയാൻ വിളിച്ചപ്പോൾ അന്നത്തെ എസ്.പി യായിരുന്ന ഋഷി രാജ് സിംഗിന്റെ പ്രതികരണവുമാണ് കെ. ആർ മീര കുറിപ്പിലൂടെ പങ്കു വയ്ക്കുന്നത്

പോസ്റ്റ് വായിക്കാം

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്.
അക്കാലത്ത് എട്ടു മണിക്കേ ഉറങ്ങാന്‍ പോകുന്ന പട്ടണമായിരുന്നു കോട്ടയം. പത്രം ഓഫിസിന്‍റെ മുമ്പിലുള്ള കടകളൊക്കെ ഏഴുമണിക്കേ അടയ്ക്കും. അതുകഴിഞ്ഞാല്‍, റയില്‍വേ സ്റ്റേഷന്‍ റോഡ് പൊതുവെ ഇരുട്ടിലാകും. കെ.കെ. റോഡില്‍നിന്നുള്ള വണ്ടികള്‍ ഉണ്ടെങ്കില്‍, അത്യാവശ്യം നടന്നുപോകാം. ഓഫിസില്‍നിന്നു രണ്ടു മിനിറ്റ് തികച്ചുവേണ്ട, എന്‍റെ അന്നത്തെ വാടകവീട്ടിലേക്ക്.

ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഒമ്പതര മണി. റോ‍ഡ് വിജനമായിരുന്നു. എങ്കിലും വെളിച്ചമുണ്ട്. ഞാന്‍ വീട്ടിലേക്കു നടന്നു. നാഷനല്‍ ബുക് സ്റ്റാളും കോണ്‍കോഡ് ട്രാവല്‍സ് ഓഫിസും കടന്നതേയുള്ളൂ, പിന്നില്‍ ഒരു ആഡംബര കാര്‍. അത് എന്നെ കടന്നു പോയി, പെട്ടെന്നു സ്ലോ ചെയ്ത്, എനിക്കു തിരിയാനുള്ള ഇടവഴിക്കു മുമ്പായി ഇടതുവശം ചേര്‍ത്തു നിര്‍ത്തി. ഞാന്‍ റോഡ് മുറിച്ച് എതിര്‍വശത്തെ വെളിച്ചത്തിലേക്കു മാറി. എങ്കിലും കാറിനു നേരെയെത്തിയതും വിന്‍ഡോ ഗ്ലാസുകള്‍ താഴ്ന്നു. വരുന്നോ വരുന്നോ എന്ന ചോദ്യവും ചിരിയും ബഹളവും കേട്ടു. മൂന്നോ നാലോ പേരുണ്ടായിരുന്നു, വണ്ടിയില്‍.
എന്‍റെ രക്തം തിളച്ചു. ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ നടന്നു. അപ്പോള്‍ കാര്‍ അടുത്തേക്കു നീങ്ങിനീങ്ങി വന്നു. എന്താ എന്താ എന്നു ചോദിച്ചു ഞാന്‍ നേരിട്ടു. വണ്ടിയുടെ നമ്പര്‍ നോക്കാന്‍ മുമ്പിലേക്കു നീങ്ങി. വണ്ടി പെട്ടെന്നു മുന്നോട്ടെടുത്തു. എന്നെ തട്ടി തട്ടിയില്ലെന്ന മട്ടില്‍ പാഞ്ഞു. എങ്കിലും, മിന്നായം പോലെ നമ്പര്‍ കണ്ടു. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അതു കുറിച്ചെടുത്തു.
ഒറ്റയോട്ടത്തിനു വീട്ടിലെത്തി. മൊബൈല്‍ ഫോണിനു മുമ്പുള്ള കാലമാണ്. ദിലീപ് തിരുവനന്തപുരത്തായിരുന്നു. ഞാന്‍ ലാന്‍ഡ് ഫോണില്‍ വിളിച്ചു രോഷം പങ്കുവച്ചു. പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. ക്ഷോഭത്താല്‍ വിറച്ചുകൊണ്ട്, എസ്.പിയുടെ നമ്പര്‍ കണ്ടെത്തി, ഡയല്‍ ചെയ്തു.

പക്ഷേ, അപ്പുറത്തു ബെല്ലു കേട്ടതും എന്‍റെ ആവേശം ചോര്‍ന്നു. എസ്.പി. ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ :
–എന്തിനാ ഒറ്റയ്ക്കു നടന്നത്?
–രാത്രിയില്‍ ഒറ്റയ്ക്കൊരു സ്ത്രീയെ കണ്ടാല്‍ ആരായാലും വിളിക്കില്ലേ?
–പരാതിപ്പെടാന്‍ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ? അതൊരു തമാശയായി കണ്ടാല്‍പ്പോരേ?
–നാളെ മുതല്‍ ആരെയെങ്കിലും കൂട്ടുവിളിക്കണം, കേട്ടോ.
–പകലുള്ള ജോലിക്കു വല്ലതും ശ്രമിച്ചു കൂടേ? അതല്ലേ സ്ത്രീകള്‍ക്കും കുടുംബജീവിതത്തിനും നല്ലത്?
പരാതിപ്പെടാന്‍ പോയിട്ട് അവസാനം പ്രതിയാവില്ലെന്നും ആരു കണ്ടു? എന്‍റെ മനസ്സു ചാഞ്ചാടി.
അപ്പോഴേക്ക് എസ്.പി. ഫോണെടുത്തു. ഹിന്ദിച്ചുവയുള്ള മലയാളത്തില്‍ ‘എന്താ പ്രശ്നം’ എന്നു ചോദിച്ചു.
ചോദിക്കപ്പെടാനിടയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ സഹിതം ഞാന്‍ പറഞ്ഞു തുടങ്ങി :
‘‘സര്‍, രാത്രി ഒമ്പതരയേ ആയിട്ടുള്ളൂ എന്നതു കൊണ്ടും റോഡില്‍ വെളിച്ചമുണ്ടായിരുന്നതുകൊണ്ടും അപകടമില്ല എന്നു തോന്നിയതു കൊണ്ടും…’’
എസ്.പി. എല്ലാം കേട്ടു. ‘വണ്ടിനമ്പര്‍ നോട്ട് ചെയ്തിട്ടുണ്ടോ’ എന്നു ചോദിച്ചു. ഞാന്‍ കുറിച്ചെടുത്ത നമ്പര്‍ കൊടുത്തു. അത് അദ്ദേഹം എഴുതിയെടുത്തു. എന്നിട്ടു പറഞ്ഞു :
‘‘മാഡം, നമ്പറില്‍ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട്. കെ.എല്‍. 56 എന്നു വരാന്‍ ചാന്‍സ് ഇല്ല. ഇതില്‍ ആറിന്‍റെ സ്ഥാനത്ത് G എന്നായിരിക്കണം. But don’t worry. We will find them. ’’
എന്‍റെ കുറ്റംകൊണ്ടല്ല അവര്‍ അങ്ങനെ പെരുമാറിയത് എന്നു തെളിയിക്കാന്‍ ഞാന്‍‍ ഒന്നുകൂടി ശ്രമിച്ചു :
‘‘സര്‍ ഒമ്പതര മണിയേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞാന്‍ ഒറ്റയ്ക്ക്…’’
എസ്.പി. പറഞ്ഞു :
‘‘മാഡം, You don’t have to explain anything. ഒമ്പതരയല്ല, രാത്രി പന്ത്രണ്ടരയോ രണ്ടു മണിയോ ആണെങ്കിലും നിങ്ങള്‍ക്കു തനിയെ നടന്നു പോകാനുള്ള എല്ലാ റൈറ്റും ഉണ്ട്. It’s our duty to ensure your safety. This happened in the heart of the town. അവിടെ ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ. ’’

സന്തോഷത്താലും കൃതജ്ഞതയാലും എന്‍റെ കണ്ണുനിറഞ്ഞൊഴുകി. അതു ജീവിതത്തിലെ ഒരു വലിയ നിമിഷമായിരുന്നു. പൗരന്‍ എന്ന നിലയില്‍ അത്രയും ഡിഗ്നിറ്റി അതിനു മുമ്പോ പിമ്പോ എന്‍റെ ഈ സ്ത്രീജന്‍മത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല.
പിറ്റേന്നു പത്തു മണിക്ക് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് എസ്.ഐ. എന്നെ വിളിച്ചു– വണ്ടി പിടിച്ചിട്ടുണ്ട്. വന്ന് ഐഡന്‍റിഫൈ ചെയ്യണം.
ഒരു പച്ചക്കറി മൊത്തവ്യാപാരിയുടെ കാര്‍ ആയിരുന്നു അത്. അയാളുടെ മകനും സുഹൃത്തുക്കളുമായിരുന്നു, തലേന്നു വണ്ടിയില്‍.
പയ്യന്‍റെ അപ്പന്‍ വന്നു ക്ഷമ ചോദിച്ചു. കേസാക്കരുത് എന്ന് അപേക്ഷിച്ചു. മകനെക്കൊണ്ടായിരുന്നു ക്ഷമ ചോദിപ്പിക്കേണ്ടത്. പക്ഷേ, അന്നെനിക്ക് അത്രയും തിരിച്ചറിവുണ്ടായില്ല. ഇനി അങ്ങനെ സംഭവിക്കുകയില്ലെന്ന് എഴുതി വാങ്ങുകയോ മറ്റോ ചെയ്തെന്നാണ് ഓര്‍മ്മ. ഏതായാലും ഞാന്‍ ക്ഷമിച്ചു.

കാരണം, എന്‍റെ മനസ്സു ശാന്തമായിക്കഴിഞ്ഞിരുന്നു. എനിക്കു നീതി കിട്ടിക്കഴിഞ്ഞിരുന്നു.
You don’t have to explain anything. ഒമ്പതരയല്ല, രാത്രി പന്ത്രണ്ടരയോ രണ്ടു മണിയോ ആണെങ്കിലും നിങ്ങള്‍ക്കു തനിയെ നടന്നു പോകാനുള്ള എല്ലാ റൈറ്റും ഉണ്ട്. It’s our duty to ensure your safety. എന്നു വളരെ സ്വാഭാവികമായും ഉറപ്പിച്ചും എസ്.പി. പ്രതികരിച്ചപ്പോള്‍ത്തന്നെ എന്‍റെ പരാതി പരിഹരിക്കപ്പെട്ടിരുന്നു.
ആ സംഭവം കഴിഞ്ഞ് ഏറെക്കഴിയുന്നതിനുമുമ്പ് ആ എസ്.പിക്കു സ്ഥലംമാറ്റമായി. നേരില്‍ക്കാണാനോ നന്ദി പറയാനോ കഴിഞ്ഞില്ല.
പില്‍ക്കാലത്ത്, ഞാന്‍ കഥയെഴുതിയതും ശ്രീ പുരുഷോത്തമന്‍ സംവിധാനം ചെയ്തതുമായ ഒരു സീരിയലില്‍ അദ്ദേഹം അഭിനയിച്ചു. അപ്പോഴും അദ്ദേഹത്തെ നേരില്‍ക്കാണാന്‍ സന്ദര്‍ഭമുണ്ടായില്ല.

ഇക്കഴിഞ്ഞ ദിവസം ‍ അദ്ദേഹം ഉദ്യോഗത്തില്‍നിന്നു വിരമിച്ചു.
–ബഹുമാന്യനായ ശ്രീ ഋഷിരാജ് സിങ്,
ഞാന്‍ നന്ദി പറയുന്നു.
വിശീദകരണങ്ങളോ ക്ഷമാപണങ്ങളോ ആവശ്യമില്ലാത്ത മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന ശുഭപ്രതീക്ഷ ഒരു ഇരുപത്തിയെട്ടുകാരിക്കു സമ്മാനിച്ചതിനും പൗരന്‍ എന്ന നിലയിലുള്ള ഡിഗ്നിറ്റി ഒരു സ്ത്രീക്ക് എത്ര പ്രധാനമാണെന്നു ബോധ്യപ്പെടുത്തിത്തന്നതിനും ഞാന്‍ അങ്ങയോടു കടപ്പെട്ടിരിക്കുന്നു.
തുല്യനീതി സംബന്ധിച്ച ഒരു വലിയ പാഠമായിരുന്നു അത്. അങ്ങയുടെ ജീവിതം തുടര്‍ന്നും കര്‍മനിരതവും സന്തോഷകരവുമാകട്ടെ എന്നു‍ സ്നേഹത്തോടെ ആശംസിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ