കേരളം
കെ പി എസി ലളിതയുടെ സംസ്‌കാരം ഇന്ന് ; തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനം
അന്തരിച്ച പ്രമുഖ നടി കെ പി എസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ വൈകീട്ട് അഞ്ചുമണിയ്ക്കാണ് സംസ്‌കാരം നടക്കുക. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. രാവിലെ എട്ടു മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക.
തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. തൃപ്പൂണിത്തുറയില്‍ മകന്‍, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛന്‍.
രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലളിതയുടെ പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോല്‍സവങ്ങളില്‍ സമ്മാനം നേടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി.
ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.