കേരളം
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈല്‍ പനി ജാഗ്രത. ക്യൂലക്സ് കൊതുക് വഴി പകരുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. കോഴിക്കോട്, മലപ്പുറം സ്വേദശികളായ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ചുപേർ രേഗമുക്തി നേടി. രണ്ടുപേരുടെ മരണം വെസ്റ്റ്നൈൽ ബാധിച്ചാണോ എന്ന് പരിശോധിക്കുകയാണ്.
പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് വൈറോളജിയാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. മെഡികല്‍ കോളജിൽ പരിശോധനയിലെ സ്ഥിരീകരണത്തിനുശേഷമാണ് തുടർ നടപടികളുണ്ടായത്.
എന്താണ് വെസ്റ്റ് നൈൽ?
ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു വൈറൽ അണുബാധയാണ്, വെസ്റ്റ് നൈൽ. ക്യൂലക്‌സ് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ ദാനത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ലെങ്കിലും ചിലരിൽ പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് രോഗത്തിൻ്റെ ഗുരുതരമായ രൂപമുണ്ടാകും. ഏത് പ്രായത്തിലുമുള്ള ആളുകളിൽ ഇത് സംഭവിക്കാം.