കേരളം
കോഴിക്കോട് നിപാ ഭീതിയൊഴിഞ്ഞു; നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു.
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട് ഉള്‍പ്പെടുന്ന ഒൻപതാം വാര്‍ഡ് ഒഴികെ ചാത്തമംഗലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ജില്ലയില്‍ ഭീതിയൊഴിഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലും വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം പിന്നിട്ടതിനാലുമാണ് ചാത്തമംഗലം പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയത്.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതയാര്‍ന്ന ഇടപെടലാണ് രോഗം പടരാതിരിക്കാന്‍ കാരണം. സര്‍ക്കാരിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ദിവസങ്ങള്‍ക്കകം രോഗഭീതിയകറ്റി സുരക്ഷ ഒരുക്കാനായി. രോഗി മരിച്ചത് നിപാ മൂലമെന്ന് തിരിച്ചറിഞ്ഞ നാലിനു തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജെത്തി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലും മുന്‍നിരയിലിറങ്ങി.
വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം രോഗിയുടെ വീടുള്‍ക്കൊള്ളുന്ന പ്രദേശം അടച്ചതാണ് പ്രതിരോധത്തിന് ഏറെ സഹായകമായത്. ഇതോടെ സമ്ബര്‍ക്ക സാധ്യത തടയാനായി.രോഗിയുടെ റൂട്ട്മാപ്പും ഇന്‍സ്റ്റിറ്റ്യൂഷണല്‍ മാപ്പും തയ്യാറാക്കി 257 പേരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കി. ലക്ഷണമുണ്ടായ മുഴുവന്‍ പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കി. രോഗബാധയ്ക്ക് സാധ്യതയുള്ളവരുടെ സാമ്ബിള്‍ പരിശോധിച്ചു. ഇതില്‍ 143 സാമ്പിളും നെഗറ്റീവായി.
മൃഗസംരക്ഷണം, വനം, ആരോഗ്യ വകുപ്പുകളുടെ പരിശോധനകളില്‍ നിപായുടെ ഉറവിടം വ്യക്തമായിട്ടില്ല. പഴം തീനി വവ്വാലുകളില്‍ നിന്ന് റമ്ബുട്ടാന്‍ വഴി വൈറസ് ബാധയുണ്ടായെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എന്നാല്‍ നിയന്ത്രണ മേഖലയിലെ വവ്വാലുകള്‍, ആടുകള്‍, റമ്ബുട്ടാന്‍ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാമ്ബിളുകളിലൊന്നും വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് നിര്‍ത്തിവച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുനരാരംഭിച്ചു.