Kids
കുട്ടികളിലെ കോവിഡ് ബാധ; , അറിയേണ്ട കാര്യങ്ങൾ
കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമാകാം കുട്ടികളിലെ കോവിഡ് ലക്ഷണങ്ങളെന്നും ചിലരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് അണുബാധയാകാം ഉണ്ടാകുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
തലവേദന, പനി, ചുമ,ജലദോഷം പോലുള്ള സാധാരണ ലക്ഷണങ്ങള്‍ക്കു പുറമേ കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ഉണ്ടാകുന്ന ചില സങ്കീര്‍ണതകള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം (MIS-C) ആണ്. കുട്ടികളുടെ ജീവന് വരെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് MIS-C നയിക്കാമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നു.
ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോര്‍, ചര്‍മം, കണ്ണുകള്‍, ഗ്യാസ്ട്രോ ഇന്റസ്റ്റയ്നല് അവയവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം നീര്‍ക്കെട്ടുണ്ടാക്കാന്‍ ഈ രോഗത്തിന് സാധിക്കും.
നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പനി, തിണര്‍പ്പ്, കണ്ണുകളിലെ ചുവപ്പ്, വയറുവേദന, ഛര്‍ദ്ദി,അതിസാരം,ചുണ്ട് പൊട്ടല്‍, കഴുത്തുവേദന, കാലും കൈയും നീരു വയ്ക്കല്‍, ഉറക്കക്കുറവ്, ബലക്ഷയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
മറ്റു രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ നേരത്തെയുള്ള രോഗ നിര്‍ണയം വളരെ പ്രധാനമാണ്. ചുണ്ടുകളിലും മുഖത്തും നീലിമ പടരുന്നതും, വിശപ്പില്ലായ്മയും, ഉറക്കക്കുറവും എല്ലാം കുട്ടികളിലെ കോവിഡ് ബാധയുടെ ലക്ഷണങ്ങളാകാം. രോഗനിര്‍ണയം വൈകിയാല്‍ വൈറസ് ശാസകോശത്തെ ബാധിക്കുകയും ന്യുമോണിയയിലേക്ക് നയിക്കുകയും ചെയ്യാം.
കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാം:
∙ മാസ്ക്, കൈകഴുകല്‍, സാമൂഹിക അകലം പോലുള്ള കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതും അത് പിന്തുടരാന് അവരെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.
∙ പ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ വൈറ്റമിന്‍ ബി കോംപ്ലക്സ്, വൈറ്റമിന്‍ സി, ഡി,കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങുന്ന പോഷണം ഉറപ്പുവരുത്തണം
∙ കുട്ടികള്‍ ദേഹമനങ്ങി എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം
∙ കുട്ടികള്‍ സാധാരണ സ്പര്‍ശിക്കാന്‍ ഇടയുള്ള പ്രതലങ്ങള്‍ അണുവിമുക്തമാക്കണം
∙ ചുമ,പനി, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ വീട്ടില്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ കുട്ടികളുമായി സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയില്‍ അവരെ ഐസൊലേറ്റ് ചെയ്യിക്കണം
∙ കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഡോക്ടറെ ഉടന്‍ സമീപിക്കുക.