കേരളം
കൊവിഡ് പ്രതിരോധം; ജില്ലകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചു
സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന് അഞ്ചുകോടി വീതം അനുവദിച്ചു. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. എല്ലാ ജില്ലകൾക്കും അഞ്ചുകോടി രൂപ വീതം അനുവദിച്ചതായി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂര്‍ മുമ്ബ് എടുത്ത പരിശോധന ഫലമാണ് വേണ്ടത്.
എന്നാല്‍, സംസ്ഥാനത്ത് എത്തിയ ഉടനെയാണ് പരിശോധന നടത്തുന്നതെങ്കില്‍ ഫലം വരുന്നതു വരെ നിര്‍ബന്ധമായും ക്വാറന്‍റീനില്‍ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് വാക്സിന് എടുത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്.
കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മലയാളം സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്.