Covid 19
കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ മരണം 19
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. 72 വയസായിരുന്നു.
മുംബൈയില്‍ നിന്ന് തിരിച്ചുവന്ന ഉസന്‍ കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഈ മാസം 9ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചുവന്നത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉസന്‍ കുട്ടിക്ക് ഹൃദയസംഘബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ 21728 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21544 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇതുവരെ 284 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഒരു കോഴിക്കോട് സ്വദേശിയും എട്ട് കാസര്‍ഗോഡ് സ്വദേശികളും ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും കണ്ണൂരില്‍ ചികിത്സയിലുണ്ട്.