കേരളം
കല്ല് പിഴുതെടുത്ത് വില്ലേജ് ഓഫീസില്‍ സ്ഥാപിച്ചു; പലയിടത്തും സര്‍വെ നിര്‍ത്തി
നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍ കല്ലിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കെ റെയില്‍ സ്ഥാപിച്ച 12 അതിരടയാളക്കല്ലുകളില്‍ പത്ത് എണ്ണവും നാട്ടുകാര്‍ പിഴുതുമാറ്റി കല്ല് കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെയിട്ടു. ബാക്കിയുള്ള രണ്ട് കല്ലുകള്‍ പ്രതിഷേധ സൂചകമായി പെരുമ്പായിക്കാട് വില്ലേജ് ഓഫീസില്‍ നാട്ടുകയും ചെയ്തു.
സംഘര്‍ഷത്തിലേക്ക് പ്രതിഷേധം നീങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി വച്ചു. കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞിട്ടു. കല്ലുകള്‍ നാട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകള്‍ക്ക് നോട്ടീസോ മറ്റോ ഉണ്ടോ എന്ന് പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍, വില്ലേജിനും തഹസില്‍ദാര്‍ക്കും ആര്‍ ഡി ഓഫീസിലും കളക്ടറേറ്റ് ഓഫീസിലും ഒക്കെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നാണ് മറുപടി. എന്നാല്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ അത്തരത്തിലുള്ള അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് പ്രതിഷേധക്കാരുടെ വാദം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്. അതേസമയം എറണാകുളം പിറവത്ത് നിര്‍ത്തിവച്ച സില്‍വര്‍ ലൈന്‍ സര്‍വേ ഇന്ന് പുനരാരംഭിക്കും. സര്‍വേ നടത്തും എന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഈ പ്രദേശങ്ങളില്‍ സംഘടിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും നെല്‍പ്പാടങ്ങളുമുള്‍പ്പെടുന്ന മേഖലയിലെ സര്‍വേയും കല്ലിടലും ഏത് വിധേനയും തടയാനാണ് ഇവരുടെ നീക്കം. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷനല്‍കുമെന്ന് പൊലീസും വ്യക്തമാക്കി.