കേരളം
കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന
കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.
അതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം കുട്ടിയെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങുന്നത്.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ
തുടർച്ചയായ ദൃശ്യങ്ങൾ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.
അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്.