കേരളം
പൊലീസിനെ തള്ളി കോടിയേരി; സന്ദീപിന്റെ അരുംകൊല ആസൂത്രിതം
തിരുവല്ലയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞ പൊലീസ് നടപടിയെ കോടിയേരി വിമർശിച്ചു.
2016നു ശേഷം കേരളത്തിൽ സിപിഎമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ്എസ് സംഘമാണ്. ഇതിനകം കേരളത്തിൽ ആർഎസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളിൽ 588 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങൾ നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേരളത്തിൽ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ലെന്നും കോടിയേരി പറഞ്ഞു.
കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആർഎസ്എസ് ഉയർത്തുന്ന പ്രകോപനത്തിൽ അകപ്പെട്ടു പോകാതെ പ്രതിഷേധിക്കണം. പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. മുസ്ലീം, ക്രിസ്ത്യൻ, എസ് സി , എസ്ടി എന്നിവർക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണ്.
കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടെ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരേയും അവരുടെ ആരാധാനാലയങ്ങൾക്കെതിരേയും മുന്നൂറിൽപ്പരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. അസമിലും ഉത്തർപ്രദേശിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ- ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിയയിലെ ഇരട്ട കൊലപാതകം പ്രാദേശിക പ്രശ്നത്തിന്റെ പേരിലുണ്ടായ സംഭവമാണെങ്കിലും അന്നു തന്നെ സിപിഎം തള്ളിപറഞ്ഞിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങൾ കൊലപാതകത്തിലെത്താൻ പാടില്ലെന്നാണു പാർട്ടി നിലപാട്. പാർട്ടി മുൻകൈ എടുത്ത് അക്രമം ഉണ്ടാകാൻ പാടില്ല. മുൻ എംഎൽഎ കേസിൽ പ്രതിയായാൽ കുറ്റവാളിയാകില്ല. താനും കൊലക്കേസിൽ പ്രതിയായിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ടയാളെ നേരിട്ടു കണ്ടിട്ടില്ല. പെരിയ കേസിൽ, ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നയുടനെ സിബിഐ പാർട്ടിക്കാരെ പിടിക്കുകയാണ്. ഇത്തരം രാഷ്ട്രീയ നിലപാടുകളെ എതിർക്കും. നിരപരാധികളുടെ കൂടെ പാർട്ടി ഉണ്ടാകും, കുറ്റവാളികളുടെ കൂടെ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.