കേരളം
സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍
സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താനാകും. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
കെ റെയില്‍ വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനിൽക്കുന്നെന്നും കോടിയേരി പറഞ്ഞു. അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കി. കെ റെയിലിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്.
ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകുയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കെ റെയിലിന് അനുമതിക്ക് വ്യക്തിപരമായി പ്രധാനമന്ത്രി ഇടപെടണമെന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തായതിന് പിന്നാലെ യുഡിഎഫ് എതിർപ്പ് കടുപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കെ റെയിലിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അനുമതിക്കായി സർക്കാർ നീക്കങ്ങൾ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.