കേരളം
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി വീണ്ടും എത്തിയേക്കുമെന്ന് റിപ്പോർട്ട്
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്താന്‍ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനമെടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്.
2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന് തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്.
സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്തയുണ്ട്. മകന് ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നലെ അനാരോഗ്യം കൂടി കണക്കിലെടുത്ത് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍, ബിനീഷ് കോടിയേരിയെ ആസൂത്രിതമായി കേസില്‍ പെടുത്തിയതാണെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു. കോടിയേരിയെ ഇനിയും മാറ്റിനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന ചിന്തയും ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി തിരിച്ചുവരും എന്ന സൂചന ശക്തമാകുന്നത്.