കേരളം
കൊടകര കുഴൽപ്പണക്കേസ് അന്വേഷണം…; ബി ജെ പി നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകുന്നതിൽ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി എം ഗണേശനും ഓഫീസിൽ സെക്രട്ടറി ഗിരിഷനുമാണ് ഹാജരാകാതിരുന്നത്. മൂന്നര കോടി രൂപ എവിടെ നിന്ന് ആര്‍ക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് ചോദ്യം ചെയ്യൽ പണം വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി.
വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ് സേനൻ ബിജെപി മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാറില്‍ കൊണ്ടുവന്ന മൂന്നരകോടി അനധികൃത പണമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. മൂന്ന് ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കൂടി അന്വേഷണം എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ജില്ലാനേതാക്കളുടെ മൊഴി.
പണം തൃശൂർ വഴി കൊണ്ടുപോകുന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധര്‍മ്മരാജനും ഇന്നലെ മൊഴി നൽകിയിരുന്നു. വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി.