കേരളം
സൗത്ത് ചിറ്റൂരിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഒരുങ്ങി കൊച്ചി വാട്ടർ മെട്രോ
സൗത്ത് ചിറ്റൂരിലേക്ക് സർവ്വീസ് ഉടൻ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ. മന്ത്രി പി രാജീവ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാർ പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്നാണ് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി മന്ത്രി പി രാജീവ് വിളിച്ച യോഗത്തിലാണ് ഇത് തീരുമാനമായത്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് പണിപൂർത്തികരിച്ച് നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യാനാണ് തീരുമാനം ആയിരിക്കുന്നത്.
ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വികസന സാധ്യതകളേറെയുള്ള വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലിൽ നിലവിലുള്ളതിന് സമാനമായ നിയമ നിർമ്മാണം നടത്താൻ കെഎംആർഎൽ ജലഗതാഗത വകുപ്പുമായി ചേർന്ന് ചർച്ച നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.