കേരളം
കൊച്ചി മെട്രോ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ട്രയല്‍ ആരംഭിച്ചത്.
സ്ഥിരം സര്‍വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വീസാണ് സര്‍വീസ് ട്രയല്‍. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയ ശേഷം എസ്എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും.
ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും. പേട്ടയില്‍ നിന്ന് എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള 1.8 കിലോമീറ്റര്‍ പാതയില്‍ നിര്‍മ്മാണവും സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ട്രയലിന് തുടക്കം കുറിച്ചത്.
സര്‍വീസ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതോടെ, പുതിയ പാത യാത്ര സര്‍വീസിന് പൂര്‍ണ തോതില്‍ സജ്ജമാകും. തുടര്‍ന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ യാത്രാ സര്‍വീസ് ആരംഭിക്കും. നിലവിലെ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്.