കേരളം
കൊച്ചി മെട്രോ വന്‍നഷ്ടത്തില്‍, യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രോ വന്‍നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ . യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചത്. വലിയ തോതിലുള്ള കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇക്കാലയളവില്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ എന്‍ ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നത് 35,000 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം തിരുവനന്തപുരം ലൈറ്റ് മെട്രോയില്‍ ടെക്‌നോപാര്‍ക്കിനെക്കൂടി ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പുതിയ ശാഖ ലൈന്‍ ടെക്‌നോപാര്‍ക്കിലേയ്ക്ക് നീട്ടും. ലൈറ്റ് മെട്രോ കിഴക്കേകോട്ടയെയും ഉള്‍പ്പെടുത്തും. ഇതിനായി ഡിപിആര്‍ പുതുക്കുമെന്നും മുഖ്യമന്ത്രി രേഖാ മൂലം സഭയില്‍ അറിയിച്ചു.
ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള ശാഖയുടെ വിശദപദ്ധതിരേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. മെട്രോ പദ്ധതികളുടെ കാര്യക്ഷമവും സുഗമവുമായ ഏകോപനത്തിനും നടത്തിപ്പിനും ഒരു സംസ്ഥാനത്തിന് ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയിരിക്കും അഭികാമ്യം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ ശുപാര്‍ശ പരിഗണിച്ചും കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മെട്രോ നയങ്ങള്‍ക്കനുസൃതമായുമാണ് നിലവിലെ അലൈന്‍മെന്റില്‍ കിഴക്കേകോട്ടയെ ഉള്‍പ്പെടുത്തുന്നത്.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള ഏജന്‍സിയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ നിശ്ചയിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സൈറ്റ് വിസിറ്റ് നടത്തി പുതുക്കിയ സഞ്ചാരപഥം സംബന്ധിച്ച പഠനം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.