കേരളം
പൂജപ്പുര സെൻട്രൽ ജയിലിൽ അതിസുരക്ഷാ ബ്ലോക്കിൽ കത്തിയും ആയുധവും കണ്ടെത്തി
പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽനിന്നു കത്തിയും ആയുധങ്ങളും കണ്ടെത്തി. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ ഉള്ളിലെത്തിയതെന്നാണു സൂചന. ജയിൽ സുരക്ഷയെതന്നെ ബാധിക്കുന്ന ഈ വിഷയത്തിലെ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് ദക്ഷിണ മേഖലാ ഡിഐജി വഴി ജയിൽ മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിനു കൈമാറി.
3 ആഴ്ച കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല. ആരോപണ വിധേയരായ 2 ഉദ്യോഗസ്ഥർ സിപിഎം അനുകൂല ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ നേതാക്കളാണ്. ഇവർ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരെ തടവുകാരുടെ മുൻപിൽ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തു. ആയുധങ്ങൾ കണ്ടെടുത്ത വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
ആയിരത്തോളം തടവുകാരാണു നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. മറ്റു ജയിലുകളിൽ പ്രശ്നമുണ്ടാക്കുന്ന അപകടകാരികളായ തടവുകാരെ അതീവ സുരക്ഷയിലും നിരീക്ഷണത്തിലും പാർപ്പിക്കുന്നത് ഇവിടെ എട്ടാം നമ്പർ ബ്ലോക്കിലാണ്. ഇവിടെ മാത്രം പകൽ ഡ്യൂട്ടിക്ക് ഒരു ഡപ്യൂട്ടി പ്രിസൺ ഓഫിസറെയും അസി.പ്രിസൺ ഓഫിസറെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 14ന് ഇവിടുത്തെ ആറാം നമ്പർ സെല്ലിലെ തടവുകാരന്റെ കയ്യിൽ മൂർച്ചയേറിയ കത്തിയും ഇരുമ്പുദണ്ഡും കണ്ടെത്തി.
മറ്റൊരു പ്രതിയെ പാർപ്പിച്ച എട്ടാം നമ്പർ സെല്ലിൽനിന്നു മൂർച്ചയേറിയ ഇരുമ്പുപട്ടയും ഇരുമ്പുകമ്പിയും കണ്ടെത്തി. അതിനു 3 ദിവസം മുൻപ് ഈ പ്രതികൾ തമ്മിൽ സംഘട്ടനം ഉണ്ടായതിനെ തുടർന്നാണ് ഇരുവരെയും അതിസുരക്ഷാ സെല്ലുകളിലേക്കു മാറ്റിയത്. അവിടെ കർശന സുരക്ഷ ഉറപ്പാക്കാൻ സൂപ്രണ്ട് കീഴുദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകി. എന്നിട്ടും ഇവ കണ്ടെത്തിയ കാര്യം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സൂപ്രണ്ടിനെ അറിയിച്ചില്ല.
അടിസ്ഥാന പരിശീലനം പോലും ലഭിക്കാത്ത ഒരു അസി.പ്രിസൺ ഓഫിസറാണു മേലധികാരികളെ വിവരം അറിയിച്ചത്. ഇതു കണ്ടെത്തിയ ദിവസം 8 ഉദ്യോഗസ്ഥരായിരുന്നു അവിടെ ഡ്യൂട്ടിയിൽ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം 2 ഡപ്യൂട്ടി സൂപ്രണ്ടുമാരെ സുപ്രണ്ട് നിയോഗിച്ചു. ഇവർ ജയിലിനുള്ളിൽ കാര്യങ്ങൾ തിരക്കിയപ്പോൾ 2 ഉദ്യോഗസ്ഥർ ധിക്കാരത്തോടും പ്രകോപനപരമായും സംസാരിച്ചതായി സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിട്ടും നടപടിയെടുത്തില്ല.കേരളത്തിലെ ഏറ്റവും അപകടകാരികളായ തടവുകാരെ ഈ ബ്ലോക്കിലാണു പാർപ്പിച്ചിരിക്കുന്നത്.