കേരളം
‘കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല : മന്ത്രി കെഎൻ ബാലഗോപാൽ
പ്രായോഗികമായി കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രാഷ്ട്രീയമായും ഭരണപരമായും നിയമപരമായും ഇക്കാര്യം സംസ്ഥാനം ഉന്നയിക്കുന്നുണ്ട്. കേന്ദ്രം കേരളത്തിൻറെ ധനകാര്യ വിഷയങ്ങളിൽ രാഷ്ട്രീയമായി ഉൾപ്പടെ ഇടപെടുന്നു എന്ന സംശയം ജനങ്ങളിൽ ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുന്നിൽ കണ്ടാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൻ്റെ വികസന കാര്യങ്ങളിൽ മുന്നോട്ട് പോക്കിന് പറ്റുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നു. അടുത്ത വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിലൂന്നിയാവും ബജറ്റ്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ബജറ്റിൻ്റെ ലക്ഷ്യം. കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാക്കുന്നതിനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യാനിരിക്കുന്നത്. ഭാരമുണ്ടാകുന്ന നികുതി ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ഒരു സർക്കാരും ആഗ്രഹിക്കില്ല. പല മേഖലയിലും സർക്കാരിന് ന്യായമായ വരുമാനം കിട്ടേണ്ടതുണ്ട്. ലഭിക്കേണ്ട നികുതി എല്ലാം കൃത്യമായി ശേഖരിച്ച് എടുക്കുക എന്നുള്ളത് ഒരു സർക്കാരിൻറെ ഉത്തരവാദിത്തമാണ്. നികുതി ശേഖരിച്ചില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തക്കുറവ് കാണിക്കുന്നു എന്ന് പറയും. സർക്കാർ ഒരിക്കലും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ല. എന്നാൽ കൃത്യമായി നികുതി ശേഖരിക്കുകയും ചെയ്യും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി നൽകേണ്ടതുണ്ട്. അത് മനസ്സിൽ വെച്ചുള്ള തീരുമാനങ്ങൾ ആകും ഉണ്ടാവുക.
കേന്ദ്രം ന്യായമായി തരേണ്ട കാര്യങ്ങൾ നിഷേധിക്കാൻ സാധിക്കില്ല, അത് പ്രതീക്ഷിച്ചു കൊണ്ടാണ് കാര്യങ്ങൾ ആലോചിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിനുള്ളള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിൽ ജനങ്ങൾക്കും ആശങ്കയുണ്ട്. ഇനിയും വെട്ടിക്കുറയ്ക്കും എന്ന സമീപനത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കുറച്ചുകൂടെ വെട്ടിക്കുറയ്ക്കട്ടെ എന്നാണ് കോൺഗ്രസിന്റെയും ആഗ്രഹം. അവർ കേരളത്തെ അല്ല ഇഷ്ടപ്പെടുന്നത്. പ്രതിപക്ഷവും ബിജെപിക്കൊപ്പം ചേരുന്നു.
ഇന്ധന സെസ് വളരെ ചെറിയ ഒരു തുകയാണ്. അത് സർക്കാരിന്റെ സാമൂഹ്യ ക്ഷേമ കാര്യങ്ങൾക്ക് തന്നെയാണ് ചിലവാക്കുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ ധാരാളം നടപടികൾ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് കഴിഞ്ഞ വർഷങ്ങളിൽ നികുതി പിരിച്ചെടുക്കുന്നതിൽ വലിയ വർധന ഉണ്ടായത്. മദ്യത്തിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത് മൂന്നര ശതമാനം നികുതി മാത്രം. 22% വരെ പിരിക്കുന്ന സംസ്ഥാനങ്ങൾ വേറെയുണ്ട്. മദ്യ വിൽപ്പനയിൽ നിന്നല്ലാതെ ആഭ്യന്തര വരുമാനം വരുന്നതിനായി ഉൽപ്പാദന മേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റ് ജനപ്രിയമായിരിക്കും. കേരളത്തിന് വേണ്ടിയിട്ടായിരിക്കുമെന്നും അദേഹം പറഞ്ഞു.