കേരളം
കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം
വിവാദ പ്രസംഗങ്ങളില്‍ കെ എം ഷാജിയോട് വിശദീകരണം നല്‍കാന്‍ മുസ്ലിം ലീഗ് നിര്‍ദേശം. ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കൂടിക്കാഴ്ചയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങളും പങ്കെടുക്കും. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും പാര്‍ട്ടിയെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്നുവെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടി വിഭാഗമാണ് ഷാജിക്കെതിരായ നീക്കം കടുപ്പിച്ചത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുംവിധം പതിവായി ഷാജി പ്രസംഗിക്കുന്നു. എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചു. ഷാജിയെ കയറൂരിവിടരുതെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഷാജിയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് ഉന്നതാധികാര സമിതിയും ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. പിഎംഎ സലാം .പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. എല്‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. ഹംസയെ സസ്പെന്‍ഡ് ചെയ്തിരുന്നു.