കേരളം
കെ.എം ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ നേതാവ്
കെ.എം ഷാജി എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. ഷാജി അധോലോക കര്‍ഷകനാണെന്ന് എ.എ റഹീം ആരോപിച്ചു.
ഷാജിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി കെ.എം ഷാജി മാറിയിരിക്കുകയാണും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണെന്ന് റഹീം പറഞ്ഞു. ഈ സമ്പത്തിന്റെ സ്രോതസ് ഏതാണെന്ന് ഷാജി വെളിപ്പെടുത്തണമെന്നും റഹീം ആവശ്യപ്പെട്ടു. 2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്.
ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് റഹീം ചോദിച്ചു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇഞ്ചിക്കൃഷിയുടെ കാര്യമാണ് അദ്ദഹം പറഞ്ഞത്.
ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും റഹീം പറഞ്ഞു. അതിന് ഡി.വൈ.എഫ്.ഐ സൗകര്യമൊരുക്കി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഞ്ചിക്കൃഷി കര്‍ണാടകയില്‍ നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
അങ്ങനെയെങ്കില്‍ 2016 ല്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അതേപ്പറ്റി വ്യക്തമാക്കേണ്ടതുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലില്ല. ഇനി പാട്ടത്തിന് കൃഷി ചെയ്ത് പണം സമ്പാദിച്ചതാണെങ്കില്‍ അങ്ങനെ ലഭിച്ച പണം കൈമാറ്റം നടത്തിയതിന്റെ ബാങ്ക് രേഖകള്‍ എവിടെയന്ന് വ്യക്തമാക്കണം.
രണ്ടുലക്ഷം രൂപയോളം ആദായനികുതി അടച്ചതായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അന്ന് ആദായനികുതി അടച്ചപ്പോള്‍ ഇഞ്ചിക്കൃഷിയിലൂടെ ലഭിച്ച ആദായം വ്യക്തമാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപണ വിധേയനാകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ.എ റഹിം പറഞ്ഞു. ഷാജിയുടെ ആസ്തികളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് കെ.എം ഷാജി വെളിപ്പെടുത്തണം.
2016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പി.ഡബ്ല്യു.ഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപ്പെടുത്തിയത്.
എവിടെ നിന്നാണ് ഈ പണം ഷാജിക്ക് പണം ലഭിച്ചതെന്ന് റഹിം ചോദിച്ചു. ഷാജി തുടര്‍ച്ചയായി കള്ളം പറയുകയാണ്. പൊതുപ്രവര്‍ത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമാണെന്ന് കരുതുന്നയാളാണ് ഷാജിയെന്നും റഹീം ആരോപിച്ചു.
പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഇഞ്ചിക്കര്‍ഷകനല്ല, അധോലോക കര്‍ഷകനാണ് ഷാജിയെന്നും റഹീം ആരോപിച്ചു. അതിനാല്‍ തന്റെ അര എം.എല്‍.എ സ്ഥാനം ഒഴിയണമെന്നും റഹീം ആവശ്യപ്പെട്ടു.