കേരളം
സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച: വിക്ടേഴ്‌സിൽ ഇന്നുമുതൽ പ്രത്യേക പരിപാടികൾ
നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഇന്നുമുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്യും. സ്‌കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളടങ്ങുന്ന ബോധവത്കരണ ചിത്രങ്ങളും ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകൾക്കൊപ്പം സംപ്രേഷണം ചെയ്യും.
ഇന്ന് വൈകിട്ട് 6.30ന് മന്ത്രി വി ശിവൻകുട്ടിയുമായുള്ള അഭിമുഖത്തോടെ പരിപാടികൾ ആരംഭിക്കും. കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന അപർണ പ്രഭാകറാണ് മന്ത്രിയുമായി അഭിമുഖം നടത്തുന്നത്. സ്‌കൂൾ തുറക്കുന്നതിന്റെ ആഹ്ലാദം കുട്ടികളും രക്ഷിതാക്കളും പങ്കുവയ്ക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയും എല്ലാ ദിവസവും വൈകിട്ട് 6.30ന് കാണാം. ഇതിൽ അടച്ചിരിപ്പുകാലത്തെ കുഞ്ഞുങ്ങളുടെ അനുഭവങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.