കേരളം
കിഫ്ബി സി.ഇ.ഒ സ്ഥാനമൊഴിയുന്നു
കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സി.ഇ.ഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.
രണ്ട് മാസം മുമ്പാണ് കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം വിശദീകരിക്കുന്നു.
വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 31ന് സി.ഇ.ഒ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് കെ.എം എബ്രഹാമിന്റെ രാജി.
ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് കിഫ്ബിയില്‍ സി.എ.ജി നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കരട് റിപോര്‍ട്ട് ആണ് എന്ന് വാദിക്കുമ്പോള്‍ കരടല്ല യഥാര്‍ത്ഥ റിപ്പോര്‍ട്ട് ആണ് എന്നാണ് സി എ ജി വിശദീകരണം.
വിവാദങ്ങള്‍ കത്തിപടരുന്ന സാഹചര്യത്തില്‍ പദവി ഒഴിയുന്നതാണ് നല്ലതെന്നാണ് കെ എം എബ്രഹാം കരുതുന്നത്. ലൈഫ് മിഷന് പിന്നാലെ കിഫ്ബിയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന ഭയവും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തകാലത്തായി ഉയര്‍ന്നുകേട്ടത്. ഈ പശ്ചാത്തലത്തിലാണ് സിഇഒയുടെ രാജി പ്രഖ്യാപനം.
കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. ഗൂഡാലോചനയില്‍ മാത്യു കുഴല്‍നാടന് പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു.
കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനു പച്ചക്കൊടി വീശിയത് റാം മാധവാണ്.
ഗൂഢാലോചനയുടെ ഭാഗമാണ് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍ നാടന്‍. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യു കുഴല്‍നാടന്‍ പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.