കേരളം
ആരോഗ്യപ്രവർത്തകർക്ക് ജോലിക്കെത്തുവാനുമുള്ള സാഹചര്യം അധികാരികൾ ഒരുക്കണമെന്ന് കെജിഎംഒഎ
തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന പോസിറ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും , ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനും അധികാരികൾ സാഹചര്യം ഒരുക്കണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി.
ജില്ലയിൽ പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ കൂടുതൽ രോഗികളും വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ളവ ഉണ്ടാകുമ്പോൾ എല്ലാ ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തിൽ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാൻ സാധിക്കുന്നില്ല. ഇടറോഡുകളിലെ തടസം മാറ്റുന്നവരും പോലീസുമായി ചില സ്ഥലങ്ങളിൽ തർക്കമുണ്ടാകുന്ന സാഹചര്യം വരെ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ അധികാരികൾ ഇടപെടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
നഗരത്തിൽ ഉൾപ്പെടെ ബാരിക്കേഡുകൾ വെച്ച് തടസം സൃഷ്ടിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തവർ ഒരു മണിക്കൂറോളം വൈകിയാണ് ഡ്യൂട്ടിക്ക് എത്താനായത്. അതിനാൽ ആരോഗ്യ പ്രവർത്തകരുടെ യാത്ര സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.