കേരളം
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പയുമായി കെ.എഫ്.സി
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്കാണ് കെ.എഫ്.സി വഴി 7 ശതമാനം പലിശയില്‍ വായ്പ നല്‍കുന്നത്.
വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ NDPREM പദ്ധതിയുമായി ചേര്‍ന്നു 4 ശതമാനം പലിശയില്‍ ലോണ്‍ ലഭിക്കും. വാഹനത്തിന്റെ ‘ഓണ്‍ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 5 വര്‍ഷം ആണ്.
വാഹനത്തിന്റെ ഈട് അല്ലാതെ മറ്റു ജാമ്യവസ്തുക്കള്‍ ഒന്നും തന്നെ ആവശ്യമില്ല. കുറഞ്ഞ പലിശക്ക് പുറമെ സര്‍ക്കാരില്‍ നിന്നുള്ള മറ്റു സബ്സിഡികളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ ലോണ്‍ തുകക്കും പലിശ ഈടാക്കുമ്പോള്‍ കെ.എഫ്.സി ഡിമിനിഷിങ് രീതിയില്‍ ബാക്കിനില്ക്കുന്ന ലോണ്‍ തുകക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളു. സിബില്‍ സ്കോര്‍ മാത്രമാണ് കെ.എഫ്.സി വഴി ലോണ്‍ ലഭിക്കാന്‍ മാനദണ്ഡമായിട്ടുള്ളത്.
ഇലക്ട്രിക്ക് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാര്ദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിര്‍മാതാക്കളുടെ അഭിപ്രായത്തില്‍ 2030ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കും.
ഇത് കണക്കിലെടുത്താണ് കോര്പറേഷന് ഈ വായ്പയുമായി മുന്നോട്ടു വരുന്നതെന്ന് കെ.എഫ്.സി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോമിന് ജെ തച്ചങ്കരി പറഞ്ഞു.