കേരളം
പ്രത്യേക മുറിയില്ലെങ്കിൽ ലൈസൻസില്ല; സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം മുടങ്ങാൻ സാധ്യത.
സംസ്ഥാനത്തു റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ഉടന്‍ മുടങ്ങാൻ സാധ്യത. മണ്ണെണ്ണ വിൽക്കണമെങ്കിൽ റേഷൻ വ്യാപാരികൾക്കു ലൈസൻസും അടച്ചുറപ്പുള്ള പ്രത്യേക മുറിയും വേണമെന്ന നിബന്ധന നിർബന്ധമാക്കിയതാണു കാരണം.അടുത്ത മാസം മുതൽ മണ്ണെണ്ണ വിൽക്കണമെങ്കിൽ ലൈസൻസ് കൂടിയേ തീരൂ എന്നതിനാൽ വിതരണം ഏറെക്കുറെ മുടങ്ങാൻ സാധ്യതയുണ്ട്.
പ്രത്യേക ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തരുതെന്ന വ്യാപാരികളുടെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതോടെ റേഷൻ സാധനങ്ങൾ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഒഴിവാക്കിയിരുന്നു. ഇതോടെ ഏതാനും വർഷങ്ങളായി ഒട്ടുമിക്ക റേഷൻ വ്യാപാരികളും ലൈസൻസ് പുതുക്കിയിട്ടില്ല.
ഫുഡ് ആൻഡ് സേഫ്റ്റി റജിസ്ട്രേഷൻ മാത്രമാണു പലരും എടുത്തിട്ടുള്ളത്. മണ്ണെണ്ണ വിൽക്കാൻ ലൈസൻസ് വേണമെന്ന നിബന്ധന നടപ്പിലാക്കൽ എളുപ്പമല്ലെന്നു വ്യാപാരികൾ പറയുന്നു. നഗര മേഖലകളിലെ റേഷൻ കടകളിൽ മണ്ണെണ്ണ സൂക്ഷിക്കാൻ പുതിയൊരു മുറി കണ്ടെത്തുക എളുപ്പമാകില്ല.
പകുതിയിലധികം റേഷൻ കടകളിലും 300 മുതൽ 350 വരെ കാർഡുകളാണ് ശരാശരി റജിസ്റ്റർ ചെയ്തിട്ടുള്ളത്. വീടുകൾ ഏറെക്കുറെ പൂർണമായി വൈദ്യുതീകരിച്ചവയും. അതുകൊണ്ടു തന്നെ മണ്ണെണ്ണ വിൽപ്പന നാമമാത്രമായേ നടക്കാറുള്ളൂ. മൂന്നു മാസം കൂടുമ്പോൾ പരമാവധി 150 ലീറ്റർ വരെ മണ്ണെണ്ണയേ വിൽക്കേണ്ടി വരാറുള്ളൂ. ഇതിനായി മുറി വാടകയ്ക്കെടുക്കുക അപ്രായോഗികമാണെന്നും വ്യാപാരികൾ പറയുന്നു.