കേരളം
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‍
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതല്‍ വിദര്‍ഭ വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറന്‍ കാറ്റും മഴയുടെ ശക്തി കൂട്ടും. അതിശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട വ്യാപകമഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മെയ് 21 വരെ കേരളത്തില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളിലേക്കും അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായും എത്തിച്ചേരും. മെയ് 27ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.