കേരളം
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത : 8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അറബികടലിൽ പടിഞ്ഞാറൻ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.