കേരളം
‘കേരളത്തിൽ നിന്നും ദുബായിലേക്ക് യാത്ര കപ്പൽ സർവീസ് പരിഗണയിൽ’; മന്ത്രി അഹമ്മദ് ദേവർകോവിൽ
പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്കിലാണ് ഉയരുന്നത്. ഇത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കഠിന അധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി മാത്രം ചെലവിടുന്നത് അവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കൂടാതെ, കേരളത്തിലേക്ക് ആഡംബര ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സർക്കാരിന്റെ ഗൾഫ് നാടുകളിൽ നിന്നുള്ള യാത്രാകപ്പൽ പദ്ധതിയിലുണ്ട്.
പ്രവാസികൾക്ക് കൊണ്ട് പോകാവുന്ന ലഗ്ഗേജിൽ നിയന്ത്രങ്ങൾ കുറവെന്നതും യാത്ര ചെലവ് വിമാനടിക്കറ്റ് നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാകും എന്നതും കപ്പൽ യാത്ര സർവീസിന്റെ മേന്മയാണ്. ചില ക്രൂയിസ് കപ്പലുകൾക്ക് 500 കാറിലുകളുടെ ഭാരം പോലും ഒരുമിച്ച് വഹിക്കാനുള്ള ശേഷി ഉള്ളതിനാൽ വരെ കൊണ്ടുപോകാൻ കഴിയുമെന്നതിനാൽ ചരക്ക് ഗതാഗതത്തിനും ഈ സേവനം ഉപയോഗിക്കാം.എന്നാൽ, വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ കപ്പൽ യാത്രയുടെ ഏറ്റവും വലിയ പോരായ്മ യാത്ര ചെയ്യാൻ എടുക്കുന്ന സമയമാണ്. ഒരു കപ്പലിന് ദുബായ് തുറമുഖത്തുനിന്ന് കോഴിക്കോട്ടെ ബേപ്പൂരിലെത്താൻ മൂന്നര ദിവസമെടുക്കും.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പോസ്റ്റിന്റെ പൂർണരൂപം :
മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍…
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ സലീം കുമാര്‍, നോര്‍ക്ക ജനറല്‍മാനേജര്‍ അജിത് കോലാശ്ശേരി, എം.ഡി.സി പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം.കെ. അയ്യപ്പന്‍, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.