കേരളം
ഒമിക്രോണ്‍ കൂടുന്നു; ആഘോഷങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണ കാലയളവില്‍ വീടുകളില്‍ കഴിയാന്‍ ശ്രദ്ധിക്കണം. കെ എസ് ആര്‍ ടി സി ബസില്‍ കോഴിക്കോട്ടെത്തിയ ഒമിക്രോണ്‍ ബാധിതന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ ശ്രമമാരംഭിച്ചു. രണ്ടാം ഘട്ട വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ കോഴിക്കോട് മെഗാ വാക്സിനേഷന്‍ ക്യാംപ് തുടങ്ങി.
ക്രിസ്മസ് പുതുവത്സര ആഘോഷ ദിവസങ്ങളില്‍ ആള്‍ക്കൂട്ടവും ഒത്തു ചേരലുകളും ജാഗ്രതയോടെ വേണമെന്നാണ് ആരോഗ്യവകുപ്പിന്റ നിര്‍ദേശം. ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിക്കാനുളള നിര്‍ദേശം. ഇപ്പോള്‍ വിദേശത്തു നിന്നെത്തിയവര്‍ക്കും അടുത്തിടപഴകിയവര്‍ക്കും മാത്രമാണ് രോഗബാധ. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ പത്ത് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധാ നിരക്ക് ഉയരുമ്പോള്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം.